10:37pm 12 November 2026
NEWS
ഇക്കുറി വനിതയെ നിയമസഭയിലെത്തിക്കാനുറച്ച് മുസ്ലീം ലീ​ഗ്; ജയന്തി രാജന്റെ പേര് സജീവ പരി​ഗണനയിൽ
16/01/2026  03:30 PM IST
nila
ഇക്കുറി വനിതയെ നിയമസഭയിലെത്തിക്കാനുറച്ച് മുസ്ലീം ലീ​ഗ്; ജയന്തി രാജന്റെ പേര് സജീവ പരി​ഗണനയിൽ

കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ഇത്തവണ നിയമസഭയിൽ പാർട്ടിയുടെ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാൽനൂറ്റാണ്ടിന് ശേഷം വനിതാ സ്ഥാനാർഥിയെ പരീക്ഷിച്ചെങ്കിലും വിജയിപ്പിക്കാൻ കഴിഞ്ഞില്ല എന്നുമാത്രമല്ല, ലീ​ഗിന്റെ ഉറച്ച സീറ്റ് നഷ്ടമാകുകയും ചെയ്തിരുന്നു. ലീ​ഗിന്റെ ശക്തികേന്ദ്രമെന്ന് കരുതിവന്നിരുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിലാണ് 2021-ൽ വനിതാ ലീ​ഗ് നേതാവ് നൂർബിന റഷീദ് പരാജയപ്പെട്ടത്.

മൂന്നുതവണ എം.കെ മുനീർ വിജയിച്ചിരുന്ന കോഴിക്കോട് സൗത്ത് മണ്ഡലമാണ് കോഴിക്കോട് സൗത്ത്. എന്നാൽ, ലീ​ഗിന്റെ വനിതാ സ്ഥാനാർഥി ഇവിടെ ഐ.എൻ.എൽ സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിനോട് പരാജയപ്പെട്ടു. അഹമ്മദ് ദേവർകോവിൽ പിന്നീട് മന്ത്രിയാവുകയും ചെയ്തത് ലീഗിന് വലിയ തിരിച്ചടിയായിരുന്നു.

ഇത്തവണ കുറഞ്ഞത് ഒരു വനിതയെങ്കിലും സ്ഥാനാർഥി പട്ടികയിൽ ഉണ്ടാകുമെന്ന കാര്യത്തിൽ നേതൃത്വം ഉറച്ച നിലപാടിലാണ്. ചില സാഹചര്യങ്ങളിൽ വനിതാ സ്ഥാനാർഥികളുടെ എണ്ണം രണ്ടായി ഉയരാനും സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ പാർട്ടിയുടെ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും വയനാട് സ്വദേശിനിയുമായ ജയന്തി രാജന്റെ പേര് ശക്തമായി പരിഗണനയിലുണ്ട്. ദളിത് സമൂഹത്തിൽ നിന്നുള്ള നേതാവെന്ന നിലയിലും ജയന്തിയുടെ സ്ഥാനാർഥിത്വം പാർട്ടിക്ക് രാഷ്ട്രീയമായി ഗുണകരമാകുമെന്ന കണക്കുകൂട്ടലാണ് നടക്കുന്നത്.

ജയന്തി രാജൻ ജനറൽ സീറ്റിലോ അല്ലെങ്കിൽ സംവരണ സീറ്റ് കോൺഗ്രസുമായി വച്ചുമാറി മത്സരിക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റായ ബാലുശ്ശേരി ജയന്തിക്കായി പരിഗണിക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നാണ്. സീറ്റ് വിഭജന ചർച്ചകളിൽ കോൺഗ്രസുമായി ധാരണയിലെത്തിയാൽ ബാലുശ്ശേരിയിൽ ജയന്തി സ്ഥാനാർഥിയാകാനുള്ള സാധ്യത ഏറെയാണ്. തിരുവമ്പാടി ഉൾപ്പെടെയുള്ള മറ്റ് മണ്ഡലങ്ങളും ചർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

ജനറൽ സീറ്റിൽ മത്സരിക്കുന്ന സാഹചര്യമുണ്ടായാൽ, മൂന്ന് ടേം മാനദണ്ഡപ്രകാരം ഒഴിവാക്കപ്പെടുന്ന നേതാക്കളുടെ സീറ്റുകളിലോ കോഴിക്കോട് സൗത്തിലോ ജയന്തിയെ പരീക്ഷിക്കാനുള്ള സാധ്യതയും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എം.കെ മുനീർ വീണ്ടും മത്സരിക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.

സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന തീരുമാനമാണ് ജയന്തിക്ക് കൂടുതൽ സാധ്യതകൾ തുറക്കുന്നത്. കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർകോവിൽ 12,459 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതിനെ തുടർന്ന് മണ്ഡലം കമ്മിറ്റി പിരിച്ചുവിടേണ്ടിവന്നതടക്കം ലീഗിന് വലിയ സംഘടനാപരമായ പ്രതിസന്ധിയും നേരിടേണ്ടിവന്നിരുന്നു.

ജയന്തി രാജനെ മത്സരിപ്പിക്കുന്നത് വഴി വിജയം നേടാനാവുമെന്നതോടൊപ്പം പാർട്ടിയുടെ മതേതര പ്രതിച്ഛായ ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് ലീഗ് നേതൃത്വം വിലയിരുത്തുന്നത്. മുസ്ലിം സമുദായത്തിന്റെ മാത്രം പാർട്ടിയല്ലെന്ന സന്ദേശം നൽകാനും ദളിത് പ്രാതിനിധ്യം ഉറപ്പാക്കാനും ഇത് സഹായകരമാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന് മുമ്പ് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗത്തിനായിരുന്നിട്ടും, ദളിത് നേതാവും മുൻ പ്രസിഡന്റുമായ അന്തരിച്ച എ.പി ഉണ്ണിക്കൃഷ്ണന്റെ മകൾ എ.പി സ്മിജിയെ ആ സ്ഥാനത്ത് നിയമിച്ചിരുന്നതും ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

വയനാട് ഇരുളം സ്വദേശിനിയായ ജയന്തി രാജൻ 2010-ൽ പൂതാടി പഞ്ചായത്തിലെ ഇരുളം വാർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രദ്ധേയയായത്. തുടർന്ന് ബ്ലോക്ക് പഞ്ചായത്തിലേക്കും ജയിച്ചു. കഴിഞ്ഞ വർഷം മുസ്ലീം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജയന്തി, ആ സ്ഥാനത്തെത്തിയ രണ്ട് വനിതകളിൽ ഏക മലയാളിയും, മുസ്ലിം ഇതര സമുദായത്തിൽ നിന്ന് ദേശീയ പദവിയിലെത്തിയ ആദ്യ വനിതയുമാണ്.

2008 മുതൽ വയനാട് ജില്ലയിൽ മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്ന ജയന്തി, സുൽത്താൻ ബത്തേരിയിൽ മലങ്കര ഓർത്തോഡക്സ് സഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ‘ശ്രേയസ്’ എന്ന എൻജിഒയുമായി ബന്ധപ്പെട്ടും സജീവമായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img